കേരളത്തിന്‍റെ ആദിത്യയ്ക്ക് ഗുസ്താവ് ട്രോവ് ബഹുമതി

ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഫെറി ആയ കേരള ജലഗതാഗത വകുപ്പിന്റെ സ്വന്തം ആദിത്യയ്ക്ക് അന്തർദേശീയ തലത്തിൽ നൽകുന്ന ഗുസ്താവ് ട്രോവ് ബഹുമതി ലഭിച്ചു. പണം സ്വീകരിച്ചുകൊണ്ടുള്ള യാത്ര സേവനം നൽകുന്ന ലോകത്തെ ഏറ്റവും മികച്ച വൈദ്യുത ബോട്ട് എന്ന അംഗീകാരമാണ് ആദിത്യയ്ക്ക് ലഭിച്ചത്. ഈ അവാർഡിനായി ഏഷ്യയിൽ നിന്നു പരിഗണിക്കപ്പെട്ട ഒരേയൊരു വൈദ്യുത ഫെറിയാണ് ആദിത്യ.

സോളാർ ഫെറി വൈക്കം മുതൽ തവണക്കടവ് വരെ 3 കി.മീ. ദൂരത്തിലാണ് സർവീസ് നടത്തുന്നത്. 3 വർഷത്തെ പ്രവർത്തനത്തിനിടെ ആദിത്യ താണ്ടിയത് 70000 കി.മീ. സർവീസ് നൽകിയത് 10 ലക്ഷത്തിലധികം യാത്രക്കാർക്ക്, ലാഭിച്ചത് 1 ലക്ഷത്തിലധികം ലിറ്റർ ഡീസൽ. തദ്ഫലമായി 75 ലക്ഷം രൂപ ലാഭിക്കാനും 280 ടണ്ണോളം കാർബൺ ഡയോക്സൈഡ് ഉത്പാദനം കുറയ്ക്കാനും സാധിച്ചു. ഒരു ഡീസൽ ഫെറി ഇത്രയും കാലം പ്രവർത്തിച്ചാലുള്ള ചിലവുകളുമായി താരതമ്യം ചെയ്യുമ്പോൾ ആദിത്യയ്ക്കുണ്ടായിരുന്ന അധികച്ചിലവ് ഈ വർഷത്തോടു കൂടി അവസാനിക്കുകയും സർവീസ് ലാഭകരമാവുകയും ചെയ്തതായി കണക്കാക്കാൻ സാധിക്കും. ഒരു വർഷം ശരാശരി 25 ലക്ഷം രൂപ ലാഭമാണ് ഡീസൽ പോലുള്ള ഇന്ധനങ്ങൾ ഒഴിവാക്കുന്നതിലൂടെ നേടുന്നത്.

ലാഭകരമായ പൊതുഗതാഗത ഉപാധിയെന്നതോടൊപ്പം തന്നെ ശബ്ദ, ജല, അന്തരീക്ഷ മലിനീകരണങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാത്ത ആദിത്യ ഇതിനോടകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നാല്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ കാലത്തിനിടയിൽ ബോട്ട് സന്ദർശിക്കുകയും സമാന മാതൃക തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഉൾനാടൻ ജലാഗതഗതം കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകാൻ ഇന്ത്യയിലെ തന്നെ മറ്റു പല സംസ്ഥാനങ്ങളും കേരള സർക്കാർ മുന്നോട്ടു വച്ച ഈ പദ്ധതി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *