EDUCATION SECTOR OF KADALUNDI

ഏറെ വിദ്യാഭ്യാസങ്ങളുള്ള കോഴിക്കോട് നഗരം അധികം ദൂരത്തല്ലായിരുന്നെങ്കിലും ആദ്യകാലത്ത് മിക്കവരും ഉന്നതവിദ്യാഭ്യാസത്തോട് താല്‍പ്പര്യം കാണിച്ചിരുന്നില്ല. എങ്കിലും സാമൂതിരി കോളജ്, ഗണപത് ഹൈസ്‌കൂള്‍, ഫറോക്ക് ഗണപത് ഹൈസ്‌കൂള്‍, ഫറോക്ക് കോളജ് എന്നിവിടങ്ങളില്‍ നിന്ന് സര്‍വശ്രീ എ കെ ഇമ്പിച്ചിബാവ, പി വി മുഹമ്മദ്, പി കെ വെലായുധന്‍കുട്ടി മേനോന്‍, കെ എം കെ കുട്ടി തുടങ്ങിയവര്‍ ആദ്യകാലത്ത് ബിരുദം നേടിയവരില്‍ ചിലരാണ്.

1907ലാണ് പഞ്ചായത്തില്‍ ഒരു വിദ്യാഭ്യാസസ്ഥാപനം ആരംഭിച്ചത്. 50 കുട്ടികളോടു കൂടി മണ്ണൂര്‍ ഹയര്‍ എലമെന്ററി സ്‌കൂള്‍ എന്ന പേരില്‍ അന്ന് ആരംഭിച്ചതാണ് ഇന്നത്തെ മണ്ണൂര്‍ കൃഷ്ണ എ.യു.പി സ്‌കൂള്‍. സര്‍വ ശ്രീ രാമസ്വാമി അയ്യര്‍, പുത്തിരേഴി കൃഷ്ണന്‍ നായര്‍ എന്നിവര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചവരാണ്.

1912ല്‍ ശ്രീ കേളുണ്ണി പണിക്കര്‍ ഒരു ചെറുകുടിലില്‍ ആരംഭിച്ചതാണ് ഇന്നത്തെ കടലുണ്ടി എ.എല്‍.പി സ്‌കൂള്‍. ഹരിജനങ്ങള്‍ക്കു വേണ്ടി 1917ല്‍ ആദ്യ ദ്രാവിഡ പഞ്ചമസ്‌കൂള്‍ ഇന്നത്തെ ചാലിയം ജി.എല്‍.പി സ്‌കൂളിനടുത്ത് സ്ഥാപിച്ചു. പിന്നീടത് 1927ല്‍ ഒരു ഓലഷെഡ്ഡില്‍ വട്ടപ്പറമ്പില്‍ ആരംഭിക്കുകയും 1938 മുതല്‍ പുതിയ വാടകക്കെട്ടിടത്തില്‍(ഇന്നത്തെ ജി.എല്‍.പി.എസ് കടലുണ്ടി) പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു.

ആദ്യകാലത്ത് ഈ സ്ഥാപനത്തിന് അയിത്തം കല്‍പ്പിച്ച് യാഥാസ്ഥികള്‍ സ്‌കൂള്‍ അവിടെ നിന്നു മാറ്റി സ്ഥാപിക്കുവാന്‍ അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പി ചോയുണ്ണി മാസ്റ്റര്‍, എ വി അപ്പുട്ടി തുടങ്ങിയവര്‍ അതിനെതിരേ രംഗത്തുവന്നു. സ്ഥാപനം അവിടെ തന്നെ നിലനിര്‍ത്തുകയും ചെയ്തു.

1919ല്‍ മല്‍സ്യത്തൊഴിലാളി വിഭാഗത്തിന്റെ ഉന്നമനത്തിനായി സ്ഥാപിച്ചതാണ് ചാലിയത്തെ ഫിഷറീസ് എല്‍.പി സ്‌കൂള്‍. 1927 ജൂലൈ ഒന്നിന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ്‌സ് സ്ഥാപിച്ചതാണ് ഇന്നത്തെ ചാലിയം ജി.എല്‍.പി സ്‌കൂള്‍. മതപഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസവും എന്ന ഉദ്ദേശ്യത്തോടെ കടലുണ്ടി അങ്ങാടി ഭാഗത്ത് ഓത്തുപ്പുര വികസിപ്പിച്ച് ശ്രീ ബീരാന്‍ കോയ മുസ്‌ലിയാര്‍ ആരംഭിച്ച ഇന്നത്തെ കടലുണ്ടി എ.എം.എല്‍.പി സ്‌കൂളും വടക്കുമ്പാട്ടെ ശ്രീ പി കെ കോയമൊയ്തീന്‍ കുട്ടി ആരംഭിച്ച ഇന്നത്തെ മദ്രസുത്തല്‍ കമാലിയ എല്‍.പി സ്‌കൂളും 1924ലാണ് സ്ഥാപിതമായത്. 1925ല്‍ ശ്രീ കൂര്‍മന്തറ ഇമ്പിച്ചിക്കോരന്‍ മണ്ണൂരില്‍ സ്ഥാപിച്ച വിദ്യാലയം 1958ല്‍ ശ്രീ കൂര്‍മന്തറ ചാത്തുകുട്ടി മാനേജരായിരിക്കുമ്പോള്‍ മണ്ണൂര്‍ നോര്‍ത്ത് യു.പുയായി ഉയര്‍ത്തപ്പെട്ടു.

ചാലിയത്തെ വിദ്യാഭ്യാസ പിന്നാക്കവാസ്ഥ പരിഹരിക്കുന്നതിന് 1960ല്‍ ഉമ്പിച്ചി ഹൈസ്‌കൂള്‍ സ്വീകരിച്ചു. അന്നത്തെ മദ്രസത്തുല്‍ മനാര്‍ ഇന്നും എല്‍.പി സ്‌കൂളായി നിലനില്‍ക്കുന്നു. 1940കളില്‍ പെണ്‍കുട്ടികളുടെ പഠനപ്രോല്‍സാഹനാര്‍ഥം സ്‌കൂളുകള്‍ സ്ഥാപിതമായി തുടങ്ങി. ശ്രീ ചോലയില്‍ പത്മനാഭന്‍ മുരുകല്ലിങ്ങലില്‍ സ്ഥാപിച്ച മാണിക്യം ഗേള്‍സ് എലമെന്ററി സ്‌കൂളും(ശ്രീദേവി എ യു പി സ്‌കൂളും) മണ്ണൂര്‍ നാറ്റീവ് ഗേള്‍സ് സ്‌കൂള്‍(ഫാത്തിമ കുട്ടി ഗേള്‍സ് എല്‍ പി സ്‌കൂള്‍) 1941ല്‍ ആരംഭിച്ചവയാണ്.

1946ല്‍ കാല്‍വരി ഹില്‍സില്‍ ഫാദര്‍ കൊര്‍ണാലിയസ് മണ്ണൂര്‍ സെന്റ് പോള്‍സ് എല്‍.പി സ്‌കൂള്‍ സ്ഥാപിച്ചു. പഞ്ചായത്തിലെ സ്‌കൂളുകളില്‍ ഭൂരിഭാഗവും സ്വാതന്ത്ര്യത്തിനു മുമ്പ് ദേശീയ പ്രസ്ഥാന കാലഘട്ടത്തിലും മറ്റുമുണ്ടായവയാണ്. വിദ്യാഭ്യാസം തൊഴിലധിഷ്ടിതമാക്കുക എന്ന ഉദ്ദേശ്യത്തോടെ ചര്‍ക്ക ഉപയോഗിച്ച് നൂല്‍നൂല്‍പ്പ് അഭ്യസിപ്പിച്ചിരുന്നു. ചാലിയം സ്‌കൂളില്‍ നെയ്ത്തും പരിശീലിപ്പിച്ചിരുന്നു. അന്ന് അധ്യാപകരില്‍ പലരും വയോജനക്ലാസ്സുകളും ഹിന്ദി ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു. ശ്രീ രാമന്‍ പറമ്പത്ത് രാരുമാസ്റ്റര്‍ ഇതില്‍ പ്രമുഖനായിരുന്നു. കടലുണ്ടി ഭാഗത്തെ ശ്രീ കുഞ്ഞാലിമാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തിയ വയോജനക്ലാസ്സും ഇവയില്‍ പെടുന്നവയാണ്. മണ്ണൂര്‍ ഭാഗത്ത് കിഴക്കെ പുരയ്ക്കലും ബുദ്ധമതക്കാരുടെ വക പെരിങ്ങോട്ടുകുന്നിലും ഓരോ സംസ്‌കൃത വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നു. രണ്ടും ഇപ്പോഴില്ല.
സ്വാതന്ത്ര്യാനന്തരം 1955ല്‍ മുക്കത്തുകടവില്‍ ഒരു സര്‍ക്കാര്‍ ഏകാധ്യാപകവിദ്യാലയവും 1977ല്‍ കൂര്‍മന്തറ അരവിന്ദാക്ഷന്‍ സി.എം.ഹൈസ്‌കൂളും സ്ഥാപിക്കുകയുണ്ടായി. ഇപ്പോള്‍ പഞ്ചായത്തില്‍ രണ്ടു ഹൈസ്‌കൂളും മൂന്നു യു.പി സ്‌കൂളുകളും 10 എല്‍.പി സ്‌കൂളുകളുമടക്കം 15 സ്‌കൂളുകളുമുണ്ട്. ഇത് കൂടാതെ അജന്ത ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍(പഴയബാങ്ക്), ക്രസന്റ് സ്‌കൂള്‍(ചാലിയം) തുടങ്ങിയ അണ്‍ എയ്ഡഡ് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.