വെളിച്ചമില്ലാത്ത വിനോദം
കടലുണ്ടി നാലര വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത തീരദേശപാതയിലെ കടലുണ്ടിക്കടവ് പാലത്തില്‍ ഇനിയും വെളിച്ചമെത്തിച്ചില്ല. മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വളര്‍ന്ന പാലം സന്ധ്യയായാല്‍ ഇരുട്ടിലമരും. പിന്നെ ഇതുവഴി കാല്‍നട യാത്ര പോലും ദുഷ്‌കരം. പാലത്തിലും സമീപത്തെങ്ങും തെരുവു വിളക്കുകള്‍ ഇല്ല. ഇതു സഞ്ചാരികള്‍ക്ക് ഭീഷണിയായി.
കടലുണ്ടിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന നയന മനോഹരമായ അഴിമുഖത്തിലൂടെ കടന്നു പോകുന്ന പാലം കാണാന്‍ സഞ്ചാരികളുടെ തിരക്കാണ്. അയല്‍ ജില്ലകളില്‍ നിന്നു പോലും നൂറുകണക്കിനാളുകള്‍ ദിവസവും ഇവിടെയെത്താറുണ്ട്. സന്ധ്യയാകുന്നതോടെ പാലം ഇരുട്ടിലമരുന്നതിനാല്‍ കടല്‍ സൗന്ദര്യം ആസ്വദിക്കാനാകാതെ മടങ്ങേണ്ട അവസ്ഥയിലാണ് സഞ്ചാരികള്‍.
ആഘോഷ വേളകളിലും അവധി ദിവസങ്ങളിലും അനവധി സഞ്ചാരികളെത്തുന്ന പാലത്തില്‍ ഇതേവരെ വെളിച്ചമൊരുക്കിയിട്ടില്ല. ഇതിനാല്‍ കുടുംബ സമേതം ഉല്ലസിക്കാനെത്തുന്നവര്‍ സന്ധ്യയ്ക്കു മുന്‍പു തന്നെ മടങ്ങാന്‍ നിര്‍ബന്ധിതരാവുന്നു. ഇതു കടലുണ്ടിയുടെ ടൂറിസം സാധ്യതയ്ക്കു മങ്ങലേല്‍പിച്ചിരിക്കുകയാണ്.
പാലത്തിനോട് ചേര്‍ന്നുള്ള കടലുണ്ടി പക്ഷി സങ്കേതം, അഴിമുഖത്തെ പാറക്കെട്ടുകള്‍, മണല്‍പരപ്പ്, കണ്ടല്‍ക്കാടുകള്‍ എന്നിവ സന്ദര്‍ശകര്‍ക്ക് ആനന്ദക്കാഴ്ചകളേകുന്നു. കടലുണ്ടി-വള്ളിക്കുന്ന് പഞ്ചായത്തുകള്‍ അതിരിടുന്ന പാലത്തില്‍ വെളിച്ചമെത്തിക്കാന്‍ ഇരു പഞ്ചായത്തുകളും യാതൊന്നും ചെയ്തിട്ടില്ല. 2008 ഏപ്രില്‍ 18നാണ് കടലുണ്ടിക്കടവ് പാലം ഗതാഗതത്തിനു
തുറന്നത്. ഈയിടെ ചമ്രവട്ടം പാലം കൂടി ഗതാഗത സജ്ജമായതോടെ ഇതുവഴി വാഹനപ്പെരുപ്പമാണ്. കടലുണ്ടിയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിക്കുന്ന കടലുണ്ടിക്കടവില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
അതേ സമയം കടലുണ്ടിക്കടവ് പാലം വൈദ്യുതീകരിക്കാന്‍ തീരദേശ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വള്ളിക്കുന്ന് മത്സ്യഗ്രാമം വികസന പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതിനു എസ്റ്റിമേറ്റ് നടപടിയായിട്ടുണ്ടെന്നും വള്ളിക്കുന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
manorama 18-10-2012
Follow us
We will keep you updated