കടലുണ്ടി പക്ഷിസങ്കേതം ദേശാടനക്കിളികള്‍ക്ക് അന്യമാകുന്നു
ഒരുകാലത്ത് ദേശാടനക്കിളികളുടെ ഇഷ്ട വിഹാരകേന്ദ്രമായിരുന്ന കടലുണ്ടി പക്ഷിസങ്കേതം നിരന്തരമായ പരിസ്ഥിതി മലിനീകരണം കാരണം പക്ഷികള്‍ക്ക് അന്യമാകുന്നു. നിര്‍ബാധം തുടരുന്ന അറവുമാലിന്യം തള്ളലാണ് പക്ഷിസങ്കേതത്തിന്റെ നിലനില്പിന് ഭീഷണിയാകുന്നത്.
കോട്ടക്കടവ്, ഒലിപ്രംകടവ്, കടലുണ്ടിക്കടവ് പാലങ്ങളില്‍നിന്ന് കടലുണ്ടിപ്പുഴയില്‍ തള്ളുന്ന മാംസാവശിഷ്ടക്കൂമ്പാരം പക്ഷിസങ്കേതത്തെ അപകടകരമാംവിധം മലിനപ്പെടുത്തുകയാണ്. ഇതുകാരണം കടലുണ്ടി പക്ഷിസങ്കേതത്തില്‍ എത്തുന്ന ദേശാടനപക്ഷികളുടെ വരവ് വര്‍ഷംതോറും കുറഞ്ഞുവരികയാണ്. ദേശാടനപ്പക്ഷികള്‍ കടലുണ്ടിയെ ഉപേക്ഷിച്ച് മറ്റ് തണ്ണീര്ത്തടമേഖലകളില് താവളമുറപ്പിക്കുകയാണ്. ഇത്തവണ ദേശാടനക്കിളികളുടെ വരവ് ആരംഭിക്കേണ്ട സമയമായിട്ടും കടലുണ്ടിയില്‍ കാര്യമായി പക്ഷികള്‍ എത്തിയിട്ടില്ല. മുമ്പ് സപ്തംബര്‍-ഒക്ടോബര്‍ മാസത്തോടെ കടലുണ്ടി പക്ഷിസങ്കേതത്തില്‍ ദേശാടനപ്പക്ഷികള്‍ കൂട്ടത്തോടെ എത്തുമായിരുന്നു. എന്നാല്‍ ഇത്തവണ ഒക്ടോബര്‍ പകുതിയായിട്ടും ദേശാടനക്കിളികള്‍ ഇവിടെ എത്തിത്തുടങ്ങിയിട്ടില്ല.
അനിയന്ത്രിതമായ മലിനീകരണമാണ് പക്ഷിസങ്കേതം നേരിടുന്നതെന്ന് കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് അധികൃതര്‍ പറഞ്ഞു. രാത്രികാലങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അറവുശാലകളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക്ചാക്കുകളില് കെട്ടി പാലത്തില്‍നിന്ന് പുഴയിലേക്ക് തള്ളുകയാണ്. ദിവസവും രാവിലെ റിസര്‍വിലെ വാച്ചര്‍മാര്‍ തോണിയില്‍ സഞ്ചരിച്ച് ചാക്കുകെട്ടുകള്‍ ശേഖരിച്ച് നീക്കംചെയ്താണ് റിസര്‍വിനെയും പക്ഷിസങ്കേതത്തെയും ഒരുപരിധിവരെ സംരക്ഷിക്കുന്നത്. എന്നാല്‍, ഇതുകൊണ്ടൊന്നും പുഴയിലെ മലിനീകരണം തടയാനാവാത്ത അവസ്ഥയാണ്.
ശനിയാഴ്ചരാത്രികളില് നൂറുകണക്കിന് ചാക്ക് അറവ് അവശിഷ്ടങ്ങളാണ് പുഴയില്‍ തള്ളുന്നത്. ഇവ പുഴയുടെ ഒഴുക്കിനും കാറ്റിന്റെ ഗതിക്കുമനുസരിച്ച് പക്ഷി സങ്കേതത്തിലും അനുബന്ധ മേഖലകളിലും അടിയും. ഇവ ഭക്ഷണമാക്കാന്‍ തെരുവുനായ്ക്കളും കുറുക്കന്മാരും ധാരാളമായി എത്തുന്നതും ദേശാടനപ്പക്ഷികള്‍ക്ക് ഭീഷണിയാവുന്നു.
കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തധികൃതര്‍ സംയുക്തമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുത്താലേ കമ്യൂണിറ്റി റിസര്‍വിനെയും പങ്കിസങ്കേതത്തെയും സംരക്ഷിക്കാനും നിലനിര്‍ത്താനുമാകൂ.
Follow us
We will keep you updated