Industries
നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് വിദേശികള്‍ സ്ഥാപിച്ചിരുന്ന ചാലിയം ഫിഷറീസ് കമ്പനിയാണ് കടലുണ്ടി പഞ്ചായത്തിലെ ആദ്യത്തെ വ്യവസായ സ്ഥാപനം. വൈദ്യുതി ഈ പ്രദേശത്ത് എത്തുന്നതിനു മുമ്പു തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു ഇത് ഒരു വന്‍കിട വ്യവസായ സ്ഥാപനം തന്നെയായിരുന്നു.
മല്‍സ്യം സംസ്‌കരണത്തിനായി സ്ഥാപിച്ച ഈ ഫാക്ടറില്‍ മഹായുദ്ധങ്ങളില്‍ ഉപയോഗിച്ചിരുന്ന വെടിയുണ്ടകളുടെ പിച്ചളകവറുകള്‍ പോലും അക്കാലത്ത് നിര്‍മിച്ചിരുന്നു. ഈ സ്ഥാപനം സ്വദേശിയരുടെ കൈകളിലെത്തിയപ്പോള്‍ മല്‍സ്യസംസ്‌കരണത്തോടൊപ്പം സ്‌റ്റെയ്ന്‍ലസ് സ്റ്റീല്‍ പാത്രങ്ങളും ഉണ്ടാക്കാന്‍ തുടങ്ങി. കഴിഞ്ഞ ദശാബ്ദത്തിലാണ് ഈ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചത്.
മല്‍സ്യയെണ്ണ ഉല്‍പ്പാദിപ്പിച്ചിരുന്ന വ്യവസായവും മണ്ണൂര്‍ വടക്കുമ്പാട് ഭാഗത്തെ എംമ്പയര്‍ ക്ലേ വര്‍ക്‌സും നേരത്തെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് നാമാവേശമാവുകയും ചെയ്ത സ്ഥാപനങ്ങളാണ്.
മൂന്നു ഭാഗവും പുഴകളും ഒരു ഭാഗവും അറബികടലും അതിരുന്ന നമ്മുടെ പഞ്ചായത്തിലെ കുറുകെയായി പോവുന്ന മംഗലാപുരംഷൊര്‍ണൂര്‍ റയില്‍പ്പാത മാത്രമാണ് മറ്റുപ്രദേശങ്ങളുമായി ഇവിടത്തുകാരെ ആദ്യകാലത്ത് ബന്ധപ്പെടുത്തിയിരുന്നത്. 60കള്‍ക്കു മുമ്പു തന്നെ പാറക്കല്‍ പാലം നിലവില്‍ വന്നുവെങ്കിലും 70കള്‍ വരെ വേണ്ടത്ര ഗതാഗതസൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല. 66,67 കാലത്താണ് വൈദ്യുതി ഈ പ്രദേശത്തേക്ക് എത്തിത്തുടങ്ങിയത്. വ്യവസായത്തിന്റെ മൂന്നു ഉപാധികളായ ഈ പശ്ചാത്തല സൗകര്യങ്ങള്‍ ഇവിടെയുണ്ടാവാന്‍ വൈകിയത് അടുത്ത പഞ്ചായത്തുകളായ ഫറോക്ക്, ചെറുവണ്ണൂര്‍, ബേപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളെക്കാള്‍ കടലുണ്ടിയില്‍ വ്യവസായ പുരോഗതി ഏറെ സാവധാനത്തിലാക്കി.
പരമ്പരാഗത മേഖലയില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ സഹകരണസംഘങ്ങള്‍ പഞ്ചായത്തിലുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ പ്രദേശത്ത് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി.