Community Reserve
കടലുണ്ടിവള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ്
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കടലുണ്ടിവള്ളിക്കുന്ന് ഗ്രാമങ്ങള്‍ ഭാരതത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറികഴിഞ്ഞിരിക്കുന്നു. 2007 ഒക്ടോബര്‍ 18ലെ കടലുണ്ടിവള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിന്റെ രൂപീകരണപ്രഖ്യാപനം ചരിത്രത്തിലെ ഒരു നാഴികകല്ലാണ്. കേരളത്തിലെ പ്രഥമ കമ്യൂണിറ്റി റിസര്‍വിന്റെ രൂപീകരണപ്രഖ്യാപന ദിനമായ ഈ സുദിനം എന്നെന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
കടലുണ്ടി വള്ളിക്കുന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കടലുണ്ടി അഴീമുഖം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒരു പ്രത്യേക ജൈവ വ്യവസ്ഥയുടെ ഭാഗമാണ്. അഴീമുഖവും പുഴയും മണല്‍തിട്ടുകളും വേലിയേറ്റ വേലിയിറക്ക പ്രതിഭാസവും കണ്ടല്‍കാടുകളും തീര സമതല പ്രദേശങ്ങളും മറ്റും ജൈവവൈവിധ്യത്തിന് കളമൊരുക്കുന്നു. വിദൂരദേശങ്ങളില്‍ നിന്നും വരുന്ന നിരവധിയിനം ദേശാടനപക്ഷികളുടെ താവളമാണിവിടം. കൂടാതെ അനേകയിനം മല്‍സ്യങ്ങള്‍, ഞണ്ടുകള്‍, തവളകള്‍, കടലാമകള്‍ ഉള്‍പ്പെടെയുള്ള ഉരഗങ്ങള്‍ സസ്തനികള്‍ മുതലായവയുടെ ആവാസകേന്ദ്രം കൂടിയാണിത്. തദ്ദേശീയരായ ജനതയുടെ പരമ്പരാഗതവും സാംസ്കാരികവുമായ പൈതൃകത്തെയും മൂല്യങ്ങളെയും സംരക്ഷിക്കാന്‍ കൂടിയുള്ള ഈ സാമൂഹ്യ കൂട്ടായ്മ സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനു തന്നെ മാതൃകയാണ്.
കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചായത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏതാണ്ട് 150 ഹെക്ടര്‍ സ്ഥലമാണ് കടലുണ്ടികമ്യൂണിറ്റി റിസര്‍വിന്റെ പരിധിയില്‍ വരുന്നത്. ഇത് യഥാക്രമം കോഴിക്കോട്, തിരൂരങ്ങാടി എന്നീ രണ്ടു താലൂക്കുകളിലെ കടലുണ്ടി, വള്ളിക്കുന്ന് വില്ലേജുകളില്‍ പെടുന്നു.
കണ്ടല്‍ വനങ്ങള്‍ എന്നറിയപ്പെടുന്ന പ്രത്യേകതരം വനങ്ങള്‍ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന നിത്യഹരിത വനങ്ങളാണ്. പുഴയും കടലും ചേരുന്ന ഭാഗങ്ങള്‍ക്കടുത്ത് ഉപ്പുകലര്‍ന്ന വെള്ളത്തില്‍ കണ്ടല്‍ചെടികള്‍ സമൃദ്ധമായി വളരുന്നു. വേലിയേറ്റസമയത്ത് ജലാവൃതമായും വേലിയിറക്കസമയത്ത് അനാവൃതമായും കാണുന്ന ചതുപ്പുനിലങ്ങളിലെ കണ്ടല്‍കാടുകളുടെ സമൃദ്ധി ഇവിടത്തെ ഒരു പ്രത്യേകതയാണ്. കണ്ടല്‍കാടുകളെ നേരിട്ടറിയാനും ആസ്വദിക്കാനും പഠനഗവേഷണങ്ങള്‍ നടത്താനും സൗകര്യപ്രദമാണിവിടം.
കണ്ടല്‍ വനങ്ങള്മണ്ണാന്മാട്, സി.പി തുരുത്ത്, പനയംമാട്, ബാലാതുരുത്ത്