യുദ്ധക്കപ്പല്‍ രൂപകല്പനാ കേന്ദ്രം തറക്കല്ലിടലിന് സ്വാഗതസംഘം യോഗ സ്ഥലത്ത് പദ്ധതി പ്രദേശവാസികളുടെ പ്രതിഷേധം-മാതൃഭൂമി
ചാലിയത്ത് ആരംഭിക്കുന്ന യുദ്ധക്കപ്പല്‍ രൂപകല്പനാ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് സ്വാഗതസംഘം രൂപവത്കരിച്ചു. ജനവരി നാലിനാണ് കേന്ദ്രത്തിന്റെ തറക്കല്ലിടല്‍. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ എം.കെ.രാഘവന് എം.പി. അധ്യക്ഷത വഹിച്ചു. കളക്ടര്‍ ഡോ.പി.ബി.സലിം, ക്യാപ്റ്റന്‍ രമേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ സ്വാഗതം പറഞ്ഞു. ഡി.സി.സി.പ്രസിഡന്റ് കെ.സി.അബു, ഐ.എന്‍.ടി.യു.സി. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എം.പി.പത്മനാഭന് എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം യോഗത്തിനിടെ ചാലിയം കടല്‍ത്തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി എത്തി. യുദ്ധക്കപ്പല്‍ രൂപകല്പനാ കേന്ദ്രത്തിന്റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് വീടുകള്‍ നഷ്ടപ്പെടാനിടയാക്കുമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യോഗത്തിന് ശേഷം എം.കെ.രാഘവന് എം.പി, കളക്ടര്‍ ഡോ.പി.ബി.സലീം എന്നിവരെ സംരക്ഷണ സമിതി പ്രതിനിധികള്‍ ആശങ്കകള്‍ അറിയിച്ചു. ഡിസംബര്‍ 14 ന് കളക്ടറേറ്റില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് കളക്ടര്‍ സംരക്ഷണ സമിതി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്കി. പ്രതിഷേധത്തെ തുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.

Follow us
We will keep you updated