കടലുണ്ടി വാവുത്സവം ചൊവ്വാഴ്ച
മലബാറിലെ ഉത്സവങ്ങള്‍ക്ക് തിരിതെളിയിക്കുന്ന കടലുണ്ടി വാവുത്സവം ചൊവ്വാഴ്ച. ഇതിനു മുന്നോടിയായുള്ള ജാതവന്‍ പുറപ്പാടിന് തുടക്കമായി. കറുത്തവാവിന് മൂന്നു നാള്‍ മുമ്പാണ് ജാതവന്‍ പേടിയാട്ടമ്മയെ കാണാന്‍ പുറപ്പെടുന്നത്. ഊരുചുറ്റലിനു ശേഷം ഉത്സവദിവസമാണ് ഇരുവരും നേരെ കാണുന്നതെന്നാണ് ഐതിഹ്യം.
മധുരവും പഴവും കൈമാറിയും ബന്ധുക്കളെ സല്‍ക്കരിച്ചും കടലുണ്ടിക്കാര്‍ ഒരു പോലെ കൊണ്ടാടുന്ന ഉത്സവമാണിത്. കോട്ടക്കടവ് മുതല്‍ വാക്കടവ് വരെ നീളുന്ന ജനസമൂദ്രവും റോഡിന്റെ ഇരുഭാഗങ്ങളിലുമായി അണിനിരക്കുന്ന വഴിവാണിഭക്കാരും സര്‍ക്കസ്, അമ്യൂസ്‌മെന്റ് പാര്‍ക്കുകളും തന്നെയാണ് ഉത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടലുണ്ടി വാവുത്സവം പഞ്ചായത്ത് ഗ്രാമോത്സവമായി ആഘോഷിക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് പഞ്ചായത്ത് ദീപാലങ്കാര മത്സരം സംഘടിപ്പിക്കാറുണ്ട്.
തുലാം മാസത്തിലെ കറുത്തവാവിനെത്തുന്ന വാവുല്‍സവം കടലുണ്ടിക്കാരുടെ മൊത്തം ഉല്‍സവമാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മതില്‍ കെട്ടുന്ന ഇക്കാലത്ത് വാവുല്‍സവം വേറിട്ട് നില്‍ക്കുന്നത് അതിന്റെ സൗഹാര്‍ദ്ദ സ്വഭാവം കൊണ്ടുതന്നെയാണ്.
Follow us
We will keep you updated