ഉത്തരവാദിത്ത ടൂറിസം, ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റ് ഫറോക്കിൽ
17 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ
പാരമ്പര്യ വസ്ത്ര നിർമ്മാണം മുതൽ കരകൗശല പ്രദർശനം വരെ ഒരു കുടക്കീഴില് അണിനിരത്താൻ ഒരുങ്ങുകയാണ് ഫറോക്കിലെ ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റ്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ചാണ് ഉത്തരവാദിത്ത ടൂറിസം ഫെസ്റ്റ് ആന്റ് ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റ് ഡിസംബർ 26 മുതൽ ഡിസംബർ 30 വരെ ഫറോക്ക് നല്ലൂർ ഇ കെ നായനാർ മിനി സ്റ്റേഡിയത്തിൽ നടക്കുക.
തമിഴ്നാട്, അസം, കർണാടക, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാൻ, സിക്കിം, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാൾ, നാഗലാന്റ്, ഉത്തർപ്രദേശ്, ഡൽഹി, പുതുച്ചേരി, ഒഡീഷ, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പങ്കാളിത്തമാണ് ഫെസ്റ്റിൽ ഉണ്ടാവുക.
കളിമണ്ണിൽ വിരിയും പെരുമകൾ കാണാം
കളിമണ്ണ് കൊണ്ടുള്ള വേറിട്ട നിർമ്മിതികൾ പരിചയപ്പെടാനും കളിമൺ നിർമ്മിതിയിൽ ഒരു കൈ നോക്കാനും ഇഷ്ടപ്പെടുന്നവർക്ക് വേറിട്ട അനുഭവമായിരിക്കും ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റിലെ കളിമൺ കരകൗശല വിദ്യകൾക്കായുള്ള പ്രത്യേകം വിഭാഗം.
കളിമണ്ണിനോട് കൂട്ടുകൂടിയ പി.ബി. ബിദുലയുടെ നേതൃത്വത്തിലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റ് കൂടിയായ സ്റ്റാൾ ഒരുങ്ങുന്നത്. 23 വര്‍ഷമായി കളിമണ്ണുകൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബിദുല 12 വര്‍ഷമായി വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുകയും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.
പാവനാടകങ്ങളുമായി കുഞ്ഞിരാമന് മാഷും
ഫെസ്റ്റിന്റെ ഭാഗമായി പാവകളുമായി ആയഞ്ചേരിയിലെ കുഞ്ഞിരാമന് മാഷും സംഘവും എത്തും. ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റായ സ്റ്റാളിൽ ദിവസേന രണ്ട് പ്രദർശനം ഉണ്ടാവും. പാവനാടകം ഇതുവരെ കണ്ടിട്ടില്ലാത്തവർക്കുൾപ്പടെ സുവർണാവസരമാണ് ഫെസ്റ്റിലൂടെ ഒരുങ്ങുന്നത്.
ഫെസ്റ്റിൽ വിവിധ സംരഭകരുടെ 50 ഓളം സ്റ്റാളുകളും 15 ലൈവ് ഡെമോ സ്റ്റാളുകളും ഉണ്ടായിരിക്കും.
Follow us
We will keep you updated