മഴ പെയ്താല്‍ കടലുണ്ടി ജി.എല്‍.പി. സ്‌കൂള്‍മുറ്റം കുളമാകും-mathrubhumi

ഫറോക്ക്: മഴ പെയ്താല്‍ കടലുണ്ടി ജി.എല്‍.പി. സ്‌കൂള്‍മുറ്റം കുളമായി മാറും. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് ഇവിടെ വെള്ളക്കെട്ടാകാന്‍ കാരണം. ഇതുകാരണം മഴക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ക്ലാസിനു പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. നിരവധി തവണ പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്കിയിട്ടും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്ന് പി.ടി.എ. അധികൃതര്‍ പറഞ്ഞു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലായി ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ഇതിനുപുറമെ എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളും അങ്കണവാടിയും പ്രവര്‍ത്തിക്കുന്നു. മഴക്കാലമായാല്‍ ഇവിടെ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന അവസ്ഥയാണ്. സ്‌കൂള്‍ പരിശോധിച്ച ആരോഗ്യവകുപ്പധികൃതര്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെള്ളക്കെട്ട് എലിപ്പനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ മുന്നറിയിപ്പ് നല്കിയതായി രക്ഷിതാക്കള്‍ പറഞ്ഞു.

സ്വകാര്യവ്യക്തിയുടെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ 2006-ല്‍ കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് സ്വാതന്ത്ര്യ സുവര്‍ണജൂബിലി സ്മാരകമായി ഏറ്റെടുത്തതാണ്. ഇതിനുശേഷം ശതാബ്ദി ഉപഹാരമായി ഗ്രാമപ്പഞ്ചായത്ത് സ്‌കൂളിന് പുതിയ ക്ലാസ് മുറികള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ല. സ്‌കൂളിന്റെ നാല് വശങ്ങളും ഉയര്‍ന്നതും നടുഭാഗം താഴ്ന്നതുമാണ് വെള്ളം കെട്ടിക്കിടക്കാനിടയാക്കുന്നത്. ഏതാനും ലോഡ് മണ്ണടിച്ചാല്‍ തീരാവുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇനിയും നടപടിയുണ്ടായിട്ടില്ല.

ഈ ആഴ്ച തന്നെ മണ്ണ് നികത്തി പ്രശ്‌നം പരിഹരിക്കുമെന്ന് കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ പറഞ്ഞു. സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുപണിയുന്നതിനൊപ്പം വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശാശ്വത നടപടിയും സ്വീകരിക്കും.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *