കോട്ടക്കടവ് ടൂറിസം പദ്ധതി ഇപ്പോഴും ‘വെള്ളത്തില്‍’

കടലുണ്ടിപ്പുഴയോരത്തെ കോട്ടക്കടവ് ടൂറിസംപദ്ധതി അവഗണനയില്‍. കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് പ്രദേശത്തോടനുബന്ധിച്ച് മലപ്പുറം ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ ഒരുവര്‍ഷം മുമ്പായിരുന്നു പദ്ധതി തുടങ്ങിയത്. കോട്ടക്കടവ് പാലത്തിനോടുചേര്‍ന്ന പുഴയോരത്താണ് പദ്ധതിക്കായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നത്. കമ്യൂണിറ്റി റിസര്‍വുമായി ബന്ധപ്പെട്ട ഇക്കോ ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി രൂപകല്പനചെയ്തത്. ബോട്ട് സവാരികള്‍ക്കായുള്ള ടൂറിസം സെന്ററായി കോട്ടക്കടവിനെ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം.

സിഡ്‌കോയ്ക്കായിരുന്നു പദ്ധതിയുടെ ചുമതല. ബോട്ടുസവാരിക്കുപുറമേ ലാന്‍ഡ് സ്‌കേപ്പിങ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്‌ലറ്റ്, ബോട്ട്‌ഷെല്‍ട്ടര്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. കഴിഞ്ഞ ഫിബ്രവരിവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നിരുന്നു. പദ്ധതിയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയെന്നും ബാക്കിപണി ഒന്നരമാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നുമായിരുന്നു സിഡ്‌കോയുടെ വിശദീകരണം. എന്നാല്‍ ഇതിനുശേഷം കാര്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. തീരദേശനിയന്ത്രണനിയമം ബാധകമായ മേഖലയായതിനാല്‍ താത്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. തുടക്കത്തില്‍ സ്ഥിരം നിര്‍മാണപ്രവര്‍ത്തനം നടത്താനായിരുന്നു തീരുമാനം. പിന്നീട് പ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് തീരുമാനം മാറ്റി.

പൊളിച്ചുമാറ്റാവുന്നവിധത്തിലുള്ള ബോട്ട് ഷെല്‍ട്ടറുകളാണ് ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളത്. ഇത്തരം മാറ്റം വരുത്തേണ്ടി വന്നത് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കാനിടയാക്കി. ഇതും പദ്ധതിയെ ബാധിച്ചു. അതേസമയം, പദ്ധതിയുടെ ബാക്കി പണികള്‍ തുടങ്ങിയതായി സിഡ്‌കോ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍മാസത്തോടെ മുഴുവന്‍പണിയും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. mathrubhumi 05-11-2012

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *