ശുദ്ധജല പദ്ധതി നോക്കുകുത്തിയായി

ചാലിയം തീരദേശവാസികളെ ലക്ഷ്യമിട്ട് ആരംഭിച്ച കടുക്കബസാര്‍ ശുദ്ധജല പദ്ധതി നോക്കുകുത്തി. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ നടപടിയില്ലാത്തത് കടലോരത്തെ കുടുംബങ്ങളെ വലയ്ക്കുകയാണ്. ജലക്ഷാമം രൂക്ഷമായ തീരമേഖലയിലെ വീട്ടമ്മമാര്‍ കുടിവെള്ളത്തിനു പരക്കം പായുമ്പോഴാണ് പഞ്ചായത്ത് പദ്ധതി കാഴ്ചവസ്തുവായി നില്‍ക്കുന്നത്. കിണര്‍ കുഴിച്ചാല്‍ ഉപ്പുവെള്ളം മാത്രം കിട്ടുന്ന കടുക്കബസാര്‍, ബൈത്താനി നഗര്‍, കപ്പലങ്ങാടി, ചെമ്മീന്‍കുളം എന്നിവിടങ്ങളിലെ മുന്നൂറോളം കുടുംബങ്ങളെ ലക്ഷ്യമിട്ട് 2000 ജൂണില്‍ ആരംഭിച്ച പദ്ധതിയാണ് പമ്പിങ് മുടങ്ങിക്കിടക്കുന്നത്. കടുക്കബസാറില്‍ മത്സ്യഭവന്‍ ഓഫിസിനു സമീപത്തുള്ള കിണറില്‍ നിന്നുള്ള വെള്ളമെടുത്തായിരുന്നു വിതരണം ചെയ്തിരുന്നത്.

ഏറെക്കാലം വിതരണം നടത്തിയ പദ്ധതിയിലെ വെള്ളത്തിനു നിറവ്യത്യാസം കാണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. ഇതോടെ പഞ്ചായത്ത് ഇടപെട്ട് നിര്‍ത്തിവച്ച പമ്പിങ് പിന്നീട് പുനരാരംഭിച്ചില്ല. ഏറെക്കാലമായി ഉപയോഗിക്കാതെ കിടന്ന പദ്ധതിയുടെ വൈദ്യുതി ബില്‍ കുടിശികയായതോടെ കെഎസ്ഇബി ബന്ധം വിച്‌ഛേദിച്ചു. ഇതോടെ പഞ്ചായത്തും പദ്ധതിയെ കയ്യൊഴിഞ്ഞു. ഇപ്പോള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് കിണര്‍ ഉപയോഗ യോഗ്യമല്ലാതായിട്ടുണ്ട്. ഇതു വൃത്തിയാക്കി വിതരണം ആരംഭിച്ചാല്‍ കടുക്കബസാര്‍ മേഖലയിലെ ജലക്ഷാമം പരിഹരിക്കാനാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണ് ജനത്തിന്റെ പരാതി.

പദ്ധതിവെള്ളം
പാലക്കത്താഴം ഹരിജന്‍ കോളനിയിലേക്ക് വിതരണം ചെയ്യണമെന്ന് 21-ാം വാര്‍ഡ് ഗ്രാമസഭ തീരുമാനിച്ച് പഞ്ചായത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള നടപടിയും അനന്തമായി നീളുകയാണ്. അതേസമയം കിണര്‍ ശുദ്ധീകരിച്ചു പാലക്കത്താഴം കോളനിയിലേക്ക് വെള്ളമെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് വാര്‍ഡ് അംഗം ബാപ്പാസ് അസീസ് പറഞ്ഞു

manorama 13-11-2012

Be the first to comment

Leave a Reply

Your email address will not be published.


*