മുരുകല്ലിങ്ങല്‍ ചീര്‍പ്പിനു ചോര്‍ച്ച

വടക്കുമ്പാട് പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതു തടയാന്‍ നിര്‍മിച്ച മുരുകല്ലിങ്ങല്‍ ചീര്‍പ്പിനു ചോര്‍ച്ച. വേലിയേറ്റത്തില്‍ ചീര്‍പ്പിലൂടെ ഓരുവെള്ളം കവിഞ്ഞൊഴുകി പ്രദേശത്തെ ജലസ്രോതസ്സുകള്‍ മലിനമായി. ഷട്ടറുകള്‍ക്കിടയിലുള്ള ദ്വാരത്തിലൂടെ തോടിലേക്ക് കയറുന്ന വെള്ളം വ്യാപിച്ചാണ് കിണറുകള്‍ മലിനമായത്. എന്നിട്ടും ചീര്‍പ്പിന്റെ ഷട്ടര്‍ അറ്റകുറ്റപ്പണി നടത്താനോ സംരക്ഷണമേര്‍പ്പെടുത്താനേ പഞ്ചായത്ത് നടപടിയെടുക്കുന്നില്ല.

ചീര്‍പ്പ് പ്രവര്‍ത്തന രഹിതമായതോടെ താഴ്ന്ന പ്രദേശങ്ങളായ ചീര്‍പ്പിങ്ങല്‍, പടന്നയില്‍, പറവഞ്ചേരിപ്പാടം ഭാഗങ്ങളിലെ ഒട്ടേറെ കുടുംബങ്ങള്‍ ഓരുവെള്ള ഭീഷണി നേരിടുകയാണ്. പൊതുവെ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ഉപ്പുവെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. ചീര്‍പ്പ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായതോടെ പഞ്ചായത്ത് ഇടപെട്ട് ഇവിടെ പുതിയ കോണ്‍ക്രീറ്റ് ബീം പണിതിരുന്നു.

ഷട്ടര്‍ മാറ്റി സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായായിരുന്നു ബീം നിര്‍മിച്ചത്. പിന്നീടിതിനു നടപടിയുണ്ടായിട്ടില്ല. വേലിയേറ്റത്തില്‍ ചീര്‍പ്പിലൂടെ വെള്ളം കയറി തോട്ടിനു ചുറ്റുവട്ടത്തെ വീടുകളിലേക്ക് വ്യാപിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം മുരുകല്ലിങ്ങല്‍ ചീര്‍പ്പിന്റെ ഷട്ടര്‍ മാറ്റുന്നതിനു ഇറിഗേഷന്‍ വകുപ്പ് 15 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതു മാറ്റി സ്ഥാപിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ പറഞ്ഞു.

manoram 20-11-2012

 

Be the first to comment

Leave a Reply

Your email address will not be published.


*