ചാലിയം പട്ടര്‍മാട് നിവാസികള്‍ ഭീതിയില്‍

സൂനാമി തിരയടിയില്‍ തകര്‍ന്ന സംരക്ഷണ ഭിത്തി പുതുക്കിപ്പണിയാത്തതിനാല്‍ ചാലിയം പട്ടര്‍മാട് തുരുത്ത് നിവാസികള്‍ ഭീതിയില്‍. ശക്തമായ തിരയടിയില്‍ ഭിത്തി തകര്‍ന്ന് തുരുത്തിനു സംരക്ഷണമില്ലാതായി. ഇതോടെ ചാലിയാറിനു നടുവിലുള്ള തുരുത്തിലെ താമസക്കാര്‍ ദുരിതത്തിലാണ്. ഭിത്തി തകര്‍ന്ന ഭാഗത്തു കൂടി വേലിയേറ്റത്തില്‍ വെള്ളം ഇരച്ചു കയറുന്നതിനാല്‍ കരയിലെ മണ്ണൊലിപ്പും രൂക്ഷമായിട്ടുണ്ട്.

കരയിടിച്ചില്‍ ഇല്ലാതാക്കാന്‍ തകര്‍ന്ന ഭാഗത്ത് നാട്ടുകാര്‍ കരിങ്കല്ലുകള്‍ അടുക്കി വച്ച് താല്‍ക്കാലിക സുരക്ഷ ഒരുക്കിയെങ്കിലും തിരയടിയില്‍ അവയും നശിച്ചു. സൂനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുരുത്തിന്റെ സംരക്ഷണ ഭിത്തി പുതുക്കിപ്പണിയാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ചാലിയാറില്‍ നീരൊഴുക്ക് വര്‍ധിച്ചാല്‍ വീടുകളിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണുള്ളത്.

ഒന്‍പത് കുടുംബങ്ങളാണ് തുരുത്തില്‍ താമസിക്കുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ആരുമില്ലാത്ത അവസ്ഥയാണ്. പട്ടര്‍മാട് തുരുത്തിലേക്ക് പാലം വേണമെന്ന ഇവരുടെ ചിരകാലാഭിലാഷം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. എളമരം കരീം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ തുരുത്തിലേക്ക് പാലം പണിയാന്‍ പദ്ധതിയുണ്ടായിരുന്നു. ഇതിനു രണ്ടര കോടി രൂപ നീക്കി വയ്ക്കുകയും ചെയ്തു.

എന്നാല്‍ മരാമത്ത് അധികൃതര്‍ എസ്റ്റിമേറ്റ് തയാറാക്കിയപ്പോള്‍ ഏഴര കോടിയിലധികം രൂപ വേണ്ടിവന്നു. ഇതോടെ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍
കടവില്‍ നിന്നുള്ള സഞ്ചാര സ്വാതന്ത്ര്യവും തുരുത്തിലുള്ളവര്‍ക്ക് അന്യമായി. ഉദ്ദേശിച്ച പോലെ തോണി അടുപ്പിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. മഴക്കാലത്ത് പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നാല്‍ തുരുത്തിലെ താമസം ദുരിതപൂര്‍ണമാണെന്ന് പ്രദേശത്തുള്ളവര്‍ പറഞ്ഞു.

കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലുള്ള തുരുത്ത് നിവാസികള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഫറോക്കിലെ കരുവന്‍തിരുത്തിയെയാണ്. തുരുത്തിലുള്ളവര്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ ചാലിയത്തും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കടലുണ്ടിയിലുമാണ് പോകുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇവര്‍ക്ക് കരയിലെത്താന്‍ തോണി യാത്ര മാത്രമാണ് ആശ്രയം. ഒരോരുത്തരും സ്വന്തമായി വാങ്ങിയ തോണിയിലാണ് സഞ്ചാരം.

താമസക്കാരില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളായ ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ഗ്രാമ പഞ്ചായത്ത് നടപടിയെടുക്കുന്നില്ല.

manorama 13-11-2012

Be the first to comment

Leave a Reply

Your email address will not be published.


*