കടലുണ്ടി വാവുത്സവം സമാപിച്ചു

താളമേളങ്ങളുടെ അകമ്പടിയോടെ ഭക്തര്‍ക്ക് അനുഗ്രഹം പകര്‍ന്ന് പേടിയാട്ടമ്മയും മകന്‍ ജാതവനും വാക്കടവത്ത് നിന്ന് തിരിച്ചെഴുന്നള്ളി. ഇതോടെ ഇക്കൊല്ലത്തെ കടലുണ്ടി വാവുത്സവത്തിന് സമാപനമായി.

ദേവിയുടെയും ജാതവന്റെയും അനുഗ്രഹത്തിനായി നൂറുകണക്കിന് ഭക്തരാണ് പുലര്‍ച്ചെ മുതല്‍ കടലുണ്ടി വാക്കടവിലേക്ക് ഒഴുകിയെത്തിയത്.

ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് സര്‍വാഭരണവിഭൂഷിതയായ അമ്മ ഭഗവതിയും മകന്‍ ജാതവനും തിരിച്ചെഴുന്നള്ളിയത്. തുലാമാസത്തിലെ കറുത്തവാവ് നാളില്‍ പുലര്‍ച്ചെ വാക്കടവത്തെ നീരാട്ടിന് ശേഷമായിരുന്നു ദേവിയും മകന്‍ ജാതവനും കണ്ടുമുട്ടിയത്.

വാക്കടവത്ത് നിന്ന് കുന്നത്ത് തറവാട്ടിലേക്ക് എഴുന്നള്ളിയ പേടിയാട്ടമ്മയെ കുന്നത്ത് മണിത്തറയില്‍ വ്രതാനുഷ്ഠരായ കുന്നത്ത് നമ്പ്യാര്‍മാര്‍ ഉപചാരപൂര്‍വം വെള്ളരിനിവേദ്യത്തോടെയാണ് സ്വീകരിച്ചത്. കുന്നത്ത്തറയിലെ പീഠത്തിലിരുന്ന് ദേവി കുന്നത്ത്പാടത്ത് പടകളി കണ്ടത്തില്‍ തന്റെ ഇഷ്ട വിനോദമായ പടകളി ആസ്വദിക്കും. ഉപചാരപൂജകള്‍ക്കുശേഷം കറുത്താങ്ങാട്ടേക്ക് എഴുന്നള്ളിയ ദേവിയെ മണ്ണൂര്‍ ശിവക്ഷേത്രം മേല്‍ശാന്തി വെള്ളരിനിവേദ്യത്തോടെ സ്വീകരിച്ചു. പിന്നീട് പേടിയാട്ട് കാവിലെത്തിയ ദേവിയെ വ്രതാനുഷ്ഠരായ പനയമഠം തറവാട്ടുകാര്‍ സ്വീകരിക്കുകയും കാവിലെ അനുഷ്ഠാന കര്‍മങ്ങള്‍ക്കുശേഷം സന്ധ്യയോടെ കിഴക്കെകോട്ടയില്‍ കുടിയിരുത്തുകയും ചെയ്തു.

ഇത്രയും സമയം ഒപ്പമുണ്ടായിരുന്ന ജാതവന്‍ കാവില്‍ കയറരുതെന്ന അമ്മയുടെ ആജ്ഞ ശിരസാവഹിച്ച് ജാതവന്‍ കോട്ടയിലേക്ക് തിരിച്ചെഴുന്നള്ളുകയും ചെയ്തതോടെയാണ് വാവുത്സവത്തിന് സമാപനമായത്. അമ്മയുടെ വാക്ക് കേള്‍ക്കാതെ വളയനാട്ടമ്മയുടെ മധ്യമസല്‍ക്കാരം സ്വീകരിച്ച് അശുദ്ധനായതിനെതുടര്‍ന്നാണ് പേടിയാട്ടമ്മ മകനെ കാവില്‍ കയറ്റാതെ ജാതവന്‍ കോട്ടയില്‍ കുടിയിരുത്തിയതെന്നാണ് ഐതിഹ്യം.

വീണ്ടും അടുത്തവര്‍ഷം വാക്കടവത്ത് ദര്‍ശനം ലഭിക്കുമെന്ന അമ്മയുടെ ഉറപ്പില്‍ ആശ്വാസം കൊണ്ടാണ് ജാതവന്‍ തിരിച്ചെഴുന്നള്ളുന്നത്. വാക്കടവത്ത് ബലിതര്‍പ്പണവും നടത്തിയാണ് ഭക്തര്‍ മടങ്ങിയത്.mathrubhumi 14-11-2012

Be the first to comment

Leave a Reply

Your email address will not be published.


*