കടലുണ്ടി പഞ്ചായത്ത്‌സ്റ്റേഡിയം നവീകരിക്കാന്‍ പദ്ധതി

ശോച്യാവസ്ഥയിലുള്ള കടലുണ്ടി പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കാന്‍ പദ്ധതി.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെയാണ് സ്റ്റേഡിയം നവീകരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ പറഞ്ഞു. ഇതിനായി കൗണ്‍സില്‍ പഞ്ചായത്തിന് എട്ടരലക്ഷം അനുവദിച്ചു. ഈ തുക ഉപയോഗിച്ച് സ്റ്റേഡിയത്തിന് ചുറ്റുമതിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കും. വെള്ളക്കെട്ട് ഒഴിവാക്കാന്‍ മണ്ണിട്ടുയര്‍ത്താനുമാണ് തീരുമാനം.

പഞ്ചായത്ത് നേതൃത്വം നല്‍കുന്ന കടലുണ്ടി സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ പരിശീലനാര്‍ഥികളാണ് കളിസ്ഥലത്തിന്റെ അഭാവം അനുഭവിക്കുന്നത്.
ചാലിയം ഉമ്പിച്ചി ഹാജി സ്‌കൂള്‍ മൈതാനമാണ് ഇപ്പോള്‍ പരിശീലനത്തിന് പ്രയോജനപ്പെടുത്തുന്നത്. പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലെ താരങ്ങളും കളിസ്ഥലമില്ലാത്തതിനാല്‍ ഉമ്പിച്ചി സ്‌കൂളിന്റെ മൈതാനത്താണ് പരിശീലനം നടത്തുന്നത്.

82 സെന്റാണ് നിലവില്‍ സ്റ്റേഡിയത്തിന്റെ വിസ്തീര്‍ണം. വെള്ളക്കെട്ടും ചളിയും പുല്ലും നിറഞ്ഞ് കായിക പരിപാടികള്‍ക്കൊന്നും ഉപയോഗപ്പെടുത്താനാവാത്ത അവസ്ഥയിലാണ് ഇവിടമിപ്പോള്‍. സ്ഥലം അക്വിസിഷന്‍ നടത്തി സ്റ്റേഡിയത്തിന്റെ വലിപ്പംകൂട്ടാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇത് നടപ്പാക്കുക. ഇതിനായി ഒരു കമ്മിറ്റി രൂപവത്കരിച്ചതായും ടി.കെ. ശൈലജ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*